സൈക്കിൾ യാത്രികനായ വിദ്യാർഥി ഇലക്ട്രിക് കാറിടിച്ച് മരിച്ച സംഭവത്തിൽ കൊലപാതകമെന്ന് ബന്ധുക്കളുടെ മൊഴി. പൂവച്ചൽ പുളിങ്ങോട് ഭൂമിക വീട്ടിൽ 41 കാരനായ പ്രിയരഞ്ജനെതിരെയാണ് പൊലീസ് നരഹത്യക്ക് കേസെടുത്തത്. വിദ്യാർത്ഥിയുടെ ബന്ധുക്കളുടെ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കൊലപാതകത്തിന് കേസെടുത്തത്. പ്രിയരഞ്ജനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ മാസം 30ന് പുളിങ്ങോട് ക്ഷേത്രത്തിന് സമീപം ബന്ധുവായ യുവാവ് ഓടിച്ച ഇലക്ട്രിക് കാറിടിച്ച് പൂവച്ചൽ പുളിങ്ങോട് അരുണോദയത്തിൽ പത്താം ക്ലാസ് വിദ്യാർഥി 15 കാരനായ ആദിശേഖരൻ മരിച്ചിരുന്നു. അധ്യാപകൻ എ.അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഓഫീസർ ഐ.ബി.ഷീബയുടെയും മകനാണ്.
ക്ഷേത്രപരിസരത്ത് സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആദിശേഖർ വീട്ടിലേക്ക് പോകാനായി സൈക്കിളിൽ പോകുമ്പോൾ റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പെട്ടെന്ന് മുന്നോട്ടുവന്ന് കുട്ടിയെ ഇടിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ മുകളിലൂടെ വാഹനം പായുന്നത് വീഡിയോയിൽ കാണാം. വിദ്യാർഥി സംഭവസ്ഥലത്തുതന്നെ മരിച്ചു.
അശ്രദ്ധമായി വാഹനം ഓടിച്ചതിനും കുട്ടിയെ ഇടിച്ചതിനും പ്രിയരഞ്ജനെതിരെ പൊലീസ് ആദ്യം കേസെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥലത്തുണ്ടായിരുന്നവർ പോലീസിൽ അറിയിച്ചു. കാർ പിന്നീട് പേയാട്ടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
അപകടത്തിന് മുമ്പ് പ്രിയരഞ്ജൻ ക്ഷേത്രത്തിന് മുന്നിൽ മൂത്രമൊഴിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത കുട്ടിയോട് പ്രിയരഞ്ജൻ ആക്രോശിച്ചു. വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കൾ പറയുന്നു.